Journey Inward: Unveiling the Unspoken

A tapestry woven from the threads of life’s encounters

സുഭാഷ് ഭൗമിക്ക് വിടവാങ്ങി (1950-2022)

 

അധികമൊന്നും വാഴ്ത്തിപ്പാടപ്പെടാത്തവരാണ് ഇന്ത്യൻ ഫുട്‍ബോൾ പ്ലയേഴ്‌സ്. ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ഇന്ത്യൻ ക്രിക്കറ്റ് ലെജന്റസിനെ പലർക്കും അറിയാം, അവരുടെ ചരിത്രവും ചിത്രവും ഇന്റർനെറ്റിലും പുസ്തകങ്ങളിലും നന്നായിത്തന്നെ പരിഗണിക്കപ്പെട്ടതായി കാണാം. എന്നാൽ സമാന സാഹചര്യമല്ല ഇന്ത്യൻ ഫുട്‍ബോൾ ചരിത്രത്തിലുള്ളത്. അതെ, രാജ്യത്തിനും രാജ്യത്തെ മുൻനിര ക്ലബ്ബുകൾക്കും വേണ്ടി ബൂട്ടണിഞ്ഞ പലരും ഇപ്പോഴും ആരാലും വാഴ്ത്തപ്പെടാത്ത Unsung heroes മാത്രമായി അവശേഷിക്കുന്നു.

 

ഏതാണ്ട് 16 വർഷത്തോളം ഇന്ത്യൻ പ്രൊഫഷണൽ ഫുട്‍ബോൾ മേപ്പിൽ നിറഞ്ഞു നിന്ന മികച്ച ഗോൾ വേട്ടക്കാരനായിരുന്നു സുഭാഷ് ഭൗമിക്ക്. 1970 മുതൽ 1985 വരെയുള്ള ഒന്നരപ്പതിറ്റാണ്ട് കൊണ്ട് ഇന്ത്യൻ ജെഴ്സിയിൽ 69 മാച്ചുകളിൽ നിന്നായി 50 ഗോളുകളാണ് അദ്ദേഹം സ്കോർ ചെയ്തത്. 1969 മുതൽ 1979 വരെയുള്ള 10 വർഷം കൊണ്ട് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ ക്ലബ്ബുകൾക്കായി അദ്ദേഹം അടിച്ചു കൂട്ടിയത് ഇരുനൂറ്റി അമ്പതോളം ഗോളുകളാണത്രെ.

 

1999-ൽ ഈസ്റ്റ് ബംഗാളിന്റെ മാനേജറായി പ്രൊഫഷണൽ കോച്ചിംഗ് ആരംഭിച്ച സുഭാഷ് പിന്നീട് മുഹമ്മദൻസ്, സാൽഗോക്കർ, ചർച്ചിൽ ബ്രദേഴ്സ്, മോഹൻ ബഗാൻ എന്നീ ക്ലബ്ബുകളുടെയും പരിശീലകനായി വിവിധ കപ്പുകളിൽ മുത്തമിട്ടു.

 

തന്റെ അരങ്ങേറ്റ സീസണിൽ തന്നെ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും, മോഹൻ ബഗാന്റെ ഭാഗമായി നേടിയ IFA ഷീൽഡും അദ്ദേഹത്തിലെ ഫുട്ബോളർക്ക് ലഭിച്ച അംഗീകാരമാണ്. തന്റെ കോച്ചിംഗ് കാലഘട്ടത്തിൽ ടീമുകൾ നേടിയെടുത്ത ട്രോഫികൾ അദ്ദേഹത്തിന്റെ പ്രതിഭയെ ഊട്ടിയുറപ്പിച്ചിരുന്നു.

 

72-ആം വയസ്സിൽ പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.

 

ഇന്ത്യൻ ഫുട്ബോളിന് ജനകീയ മുഖം തിരിച്ചു ലഭിക്കുന്ന ഈ ISL കാലഘട്ടത്തിൽ അദ്ദേഹത്തെ പോലുള്ള പ്രതിഭകൾ വാഴ്ത്തപ്പെടട്ടെ.

 

പ്രണാമങ്ങളോടെ....

 

Suhail Ahmed AM