Journey Inward: Unveiling the Unspoken

A tapestry woven from the threads of life’s encounters

ശബരിമല - വിശ്വാസം, സ്ത്രീ, രാഷ്ട്രീയം

 

Unity in diversity - നാനാത്വത്തിൽ ഏകത്വം, ഇത് ഇന്ത്യയെന്ന പരമാധികാര രാഷ്ട്രത്തിന്റെ അലങ്കാരം മാത്രമല്ല, അസ്ഥിത്വം കൂടിയാണ്. Political Science വിഭാവനം ചെയ്യുന്ന Federal State എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഇന്ത്യയിൽ സാധ്യമല്ലാത്ത സാഹചര്യത്തിലും ഒരു Semi-Federal State ആയി ഇന്ത്യ നിലനിൽക്കാൻ കാരണം വൈവിധ്യങ്ങളുടെ സമന്വയമാണ്.

വ്യക്തി സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതൽ. അവിടെ വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും അവസരമുണ്ടാകും. രൂപവും ഭാഷയും വിശ്വാസവും സംസ്കാരവും കാലാവസ്ഥയുമെല്ലാം ഏറെ വ്യത്യാസപ്പെട്ടിരുന്നിട്ടും 1.4 ബില്യൺ ജനങ്ങൾ ഇന്ത്യയെന്ന സങ്കൽപ്പത്തെ അഭിമാനപൂർവ്വം സ്വീകരിക്കുന്നത് തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുമെന്ന ഭരണഘടനയുടെ ഉറപ്പിന്മേലാണ്.

മതവും വിശ്വാസവും കോടതിയുടെയോ ഭരണകൂടത്തിന്റെയോ അജണ്ടകളാവരുത്. ജനങ്ങളെ വിശ്വാസങ്ങളിലേക്ക് നയിക്കാനോ വിലക്കാനോ കോടതികൾ ശ്രമിക്കരുത്. പ്രത്യേകിച്ച് ചില ആചാരങ്ങൾ അല്പം കോംപ്ലിക്കേറ്റഡ് ആയേക്കാം. ശബരിമല ദക്ഷിണേന്ത്യയിലെ ഹിന്ദു സഹോദരങ്ങൾക്ക് ഏറ്റവും പരിപാവനമായ കേന്ദ്രമാണ്. അവരിൽ ഭൂരിഭാഗവും അവിടേക്ക് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ കയറുന്നത് ഇഷ്ടപ്പെടാത്ത ആളുകളുമാണ്. അത് പൂർണ്ണമായും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിൽ കടന്നു കയറാൻ കോടതികൾക്ക് എന്തധികാരമാണ് ഉള്ളത്?

പ്രത്യേകിച്ച്, രാജ്യസുരക്ഷയെ ബാധിക്കുന്നതുൾപ്പെടെയുള്ള ഒട്ടനവധി വലിയ കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പുകൾക്കും കാരണമാവുന്ന ഇത്തരം വിധി 'അന്യായ'ങ്ങൾ ആർക്ക് വേണ്ടിയായിരുന്നു? സ്ത്രീകൾക് നേരെയുള്ള അക്രമങ്ങൾ ദിനേന വർധിച്ചിട്ടും എന്തേ കോടതികൾ ഫലപ്രദമായി ഇടപെടാത്തത്? വിശ്വാസങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കാൻ കോടതികൾ തയ്യാറാവണം, ഭരണകൂടം വിശ്വാസങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തെ പ്രധിരോധിക്കുകയും ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

എന്റെ വിശ്വാസ പ്രകാരം സ്ത്രീകൾക്ക് തുല്യ പരിഗണനയും അവകാശവും സ്വാതന്ത്ര്യവും ലഭിക്കണം. സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഞാൻ, അതിനെ ഇഷ്ടപ്പെടാത്തവരുടെ വിശ്വാസത്തെയും മാനിക്കുന്നു. അതെല്ലാം വിശ്വാസങ്ങളുടെ ഭാഗമായി വ്യക്തികൾ തീരുമാനിക്കേണ്ട കാര്യമാണ്.